ഉമ്മുൽഖുവൈനിന്റെ ഏക ‘മുതലാളി’ ഇൗ മലയാളി; അഭിമാനത്തോടെ ബാബുലാൽ
ഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈനിലെ ഏക ‘മുതലാളി’യാണ് ഇൗ മലയാളി. മിക്കവരും മുതലാളിമാരാകാൻ ഗൾഫിലെത്തുമ്പോൾ, ഇൗ മുതലാളി ‘മുതലാളി’യായ ശേഷമാണ് കടൽക്കടന്നെത്തിയത്. ഇത് പക്ഷേ, ആ ‘മുതലാളി’ യല്ല. അദ്ദേഹത്തിന്റെ സ്ഥാനപ്പേരാണ് മുതലാളി. കൊല്ലം കുണ്ടറ സ്വദേശി ബാബുലാൽ മുതലാളി എന്ന ഉമ്മുൽഖുവൈൻകാരുടെ സ്വന്തം എം.എൻ.ബി. മുതലാളി. ദുബായിലെ ഒരു ഫുഡ് സ്റ്റഫ് കമ്പനിയിൽ കഴിഞ്ഞ 32 വർഷമായി സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇൗ മുതലാളി ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷന്റെ സജീവ പ്രവർത്തകനും ഭാരവാഹിയുമാണ്.
ബാബുലാൽ സ്വയം എടുത്തണിഞ്ഞ പേരല്ല ഇത്. ജനിച്ചപ്പോൾ അച്ഛനുമമ്മയും ചേർന്ന് അഭിമാനപൂർവം നൽകിയ കുടുംബപ്പേര് വളരെ അഭിമാനത്തോടെ കൊണ്ടുനടക്കുന്നുവെന്നേയുള്ളൂ. ഇൗ നാമം കൊണ്ട് പ്രത്യേക ഗുണമോ ഗുണക്കേടോ ഉണ്ടായിട്ടില്ലെന്ന് ബാബുലാൽ മുതലാളി പറയുന്നു:
കൊല്ലം കല്ലട, മൺറോതുരുത്തിലായിരുന്നു ഞാൻ ജനിച്ചത്. പിതാവിന്റെ പേര് നൈനാൻ മുതലാളി. എഡി 825ൽ അന്നത്തെ കൊല്ലം രാജാവായിരുന്ന സ്ഥാണു രവി ഗുപ്തൻ പേർഷ്യയിൽ നിന്നെത്തിയ പൂർവികരിലൊരാളായ ‘മറുവാൻ സബർ ഈശോയ്ക്ക്’ സംതൃപ്തനായി കനിഞ്ഞു നൽകിയ സ്ഥാനപ്പേരാണ് മുതലാളിമാർ എന്നത്. തുടർന്നുള്ള തലമുറ അത് തങ്ങളുടെ പേരിനോട് ചേർത്തു. ‘കല്ലട മലയിൽ മുതലാളിമാർ’ എന്നാണ് കുടുംബം അറിയപ്പെടുന്നത്. അങ്ങനെ തുടർന്നു വന്ന സ്ഥാനപ്പേരു ഒരു അംഗീകാരമായി എനിക്കും കിട്ടി. ഞാനതിൽ സന്തോഷവാനാണ്. കാരണം, പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാമല്ലോ എന്നതാണ് അതിന്റെ പ്രത്യേകത.; ചെറുപ്പത്തിൽ സ്കൂളിലും കുട്ടികൾ മുതലാളി എന്ന് വിളിക്കുമായിരുന്നു. അത് പക്ഷേ, കളിയാക്കിയല്ല. അധ്യാപകൻ മുതലാളി എന്ന് ഹാജർ വിളിക്കുമ്പോൾ മറ്റു പേരുകൾ പോലെ എണീറ്റ് നിന്ന് യെസ് സാർ പറഞ്ഞു. അപ്പോൾ ഒരു വിദ്യാർഥിയും വാ പൊത്തി ചിരിച്ചിട്ടില്ല. ഞങ്ങളുടെ നാട്ടിൽ എല്ലാവർക്കും ഇൗ മുതലാളി എന്തെന്ന് അറിയാമായിരുന്നു. കോളജിലെത്തിയപ്പോഴും ഞാൻ മുതലാളി തന്നെയായി. ബാബു ലാൽ എന്ന പേര് അറിഞ്ഞോ അറിയാതെയോ വിളിക്കുന്നവർ കുറവായിരുന്നു. മുതലാളീ എന്ന് വിളിക്കുമ്പോൾ എന്തോ എന്ന് വിളി കേൾക്കും. തെക്കൻ കേരളത്തിന് പുറത്തുള്ളവർ മാത്രമേ ഇതേത് മുതലാളി എന്ന അർഥത്തിൽ നോക്കുകയുള്ളൂ–മുതലാളി ചിരിച്ചുകൊണ്ട് പറയുന്നു:;
ബിരുദവും സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടിയ ശേഷം നാട്ടിൽ ജോലി ചെയ്യുകയായിരുന്ന ഞാൻ 1985ലാണ് യുഎഇയിലെത്തിയത്. ഭാര്യ കൊച്ചുമോളുടെ സഹോദരൻ ഉമ്മുൽഖുവൈനിൽ കെട്ടിട നിർമാണ കമ്പനി നടത്തുന്നു. അദ്ദേഹമാണ് എനിക്കിങ്ങോട്ടു വരുവാൻ അവസരം ഉണ്ടാക്കിയത്. ആദ്യം കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്നെങ്കിലും വെയിലത്തുള്ള ആ ജോലിയോട് വലിയ പ്രതിപത്തിയുണ്ടായിരുന്നില്ല. എങ്കിലും രണ്ട് വർഷം അളിയനോടൊപ്പം നിന്നു. പിന്നീട്, സെയിൽസ് രംഗത്തേയ്ക്ക് ചുവടുമാറ്റി.
ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ദുബായിലെ ഒരു ഫൂഡ് സ്റ്റഫ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴും ഉമ്മുൽ ഖുവൈൻ എന്ന യുഎഇയിലെ ഗ്രാമീണ എമിറേറ്റിനെ കൈയൊഴിയാൻ മനസ്സ് വന്നില്ല. കഴിഞ്ഞ 31 വർഷമായി ഒരേ കമ്പനിയിലാണ് ജോലി, താമസം ഉമ്മുൽഖുവൈനിലും. പ്രായമേറെയായി, ജോലി വിടണമെന്നൊക്കെയുണ്ടെങ്കിലും കമ്പനിയുടമ സമ്മതിക്കുന്നില്ല.
ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്ന മുതലാളി കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
അസോസിയേഷനിൽ അംഗമായ കാലത്ത് ബാബുലാൽ മുതലാളിയാണ് പേരെന്ന് പറഞ്ഞെങ്കിലും മറ്റംഗങ്ങളും ഉമ്മുൽഖുവൈനിലെ മലയാളികളുമെല്ലാം മുതലാളിയെന്ന് മാത്രം വിളിക്കാനാണ് താത്പര്യം കാണിച്ചത്. അതിന്നും തുടരുന്നു. വിളി കേൾക്കുമ്പോൾ എനിക്ക് പ്രത്യേകതകളൊന്നും തോന്നില്ലെങ്കിലും പുറത്തുനിന്നെത്തിയവർ ഒന്നു നോക്കും– ഇതേത് മുതലാളിയാണപ്പാ എന്ന അർഥത്തിൽ. പിന്നെപ്പിന്നെ മുതലാളി ഒരു സാധാരണ പേരായി മാറി. ഉമ്മുൽഖുവൈനിലെ ഏക മുതലാളിയാണ് ബാബുലാൽ മുതലാളിയെങ്കിലും യുഎഇയിൽ പലയിടത്തും ഇദ്ദേഹത്തിന്റെ കുടുംബക്കാരായ മുതലാളിമാരുണ്ട്–ലൂക്കോസ്, മാത്യു, ഗീവർഗീസ്, തോമസ് തുടങ്ങിയ മുതലാളിമാർ. പേരിൽ മുതലാളി ഒരു ഭാരമാകുന്നില്ലെങ്കിലും പെണ്മക്കളായതിനാൽ പേരിന്റെ കൂടെ ‘മുതലാളി’ എന്ന സ്ഥാനപ്പേരു വേണ്ടെന്ന് ഇൗ മുതലാളി തീരുമാനിച്ചു. ദിവ്യ മെറിൻ ബാബുലാലും ദീപ്തി മെറിൻ ബാബുലാലും യുഎഇയിൽ നഴ്സുമാരായി ജോലിചെയ്തു കുടുംബസമേതം താമസിക്കുന്നു.
ഇതുവരെയുള്ള പ്രവാസ ജീവിതത്തിൽ പൂർണ സംതൃപ്തനാണ് 64കാരനായ ഇൗ മുതലാളി. ഇപ്പോൾ സെയിൽസ് മാനേജറായ ഇദ്ദേഹം യുഎഇയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചുള്ള ജോലി നന്നായി ആസ്വദിക്കുന്നു. ഭാര്യ തിരുവല്ല കോവൂർ കുടുംബാംഗമായ കൊച്ചുമോളാണ് ജീവിത വിജയത്തിന്റെ പ്രധാന ശക്തികേന്ദ്രം. നാട്ടില്‍ സ്വന്തമായി പള്ളിയുള്ള കേരളത്തിലെ അപൂർവം ചില മുതലാളിമാരിലൊരാളാണ് ഇദ്ദേഹം. കൊല്ലം ജോനകപ്പുറത്തെ കാദിശ സിറിയാൻ പള്ളി കല്ലട മുതലാളി കുടുംബത്തിന്റെ സ്വകാര്യ സ്വത്ത്. മുതലാളിമാരെ ഏറെ ഇഷ്ടപ്പെടുന്ന ഇടമാണ് ഗൾഫെങ്കിലും ഇൗ മുതലാളി സാധാരണ തൊഴിലാളികളെയടക്കം എല്ലാ വിഭാഗക്കാരെയും തന്നോട് ചേർത്ത് നിർത്തുന്നു.
ഇത്രയും കാലത്തിനിടയ്ക്ക് യുഎഇ നൽകിയത് നന്മകൾ മാത്രം. അതിന് ഇവിടുത്തെ ഭരണാധികാരികളോടും ജനങ്ങളോടും മലയാളി സമൂഹത്തോടും ഏറെ നന്ദിയുണ്ട് സ്നേഹവുമുണ്ട്. പറ്റാവുന്നിടത്തോളം കാലം ഇൗ രാജ്യത്ത് കുടുംബത്തോടൊപ്പം ‘ഒരു പാവപ്പെട്ട മുതലാളി’യായി ജീവിക്കാനാണ് ആഗ്രഹം.